Tuesday, 17 December 2013
പോക്കാച്ചിത്തവളയുടെ തലച്ചോറിൽ വൈരമണിപോൽ  
അവന് കവിത ..
എന്നിട്ടും പുലയാടിച്ചികൾക്ക്
അവന്റെ നെഞ്ചിൻ കൂടിന്റെ തെറിതാളം മതി

കഴുവേറിക്കൂട്ടിന്
ഗുഡ്കയുടെ നാറുന്ന ഉന്മാദം മതി

പെറ്റവയറിനൊരു  കാഞ്ഞിരപ്പലക മതി
ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
പെണ്ണിന് ചാരായച്ചിരി മതി

അച്ഛനൊരു തൊഴിമതി .


അവൻറെ കവിത ..
ഉച്ച വെയിലിന്റെ നിദ്രാടനം
കൊള്ളിമഞ്ഞിന്റെ ഭോഗമുദ്ര
നട്ടെല്ലിലെ കർക്കിടകം ..
അവന്റെ കവിത
തെരുവിന്റെ പുരുഷസൂക്തം . 

Monday, 8 October 2012

                                           നളചരിതം .

  ആട്ടക്കഥകേമം
  എഴീസം വേണം
  സെവന്‍കോഴ്സ് ഡിന്നര്‍
  പുഷ്ക്കരന്‍ ഉറങ്ങിപ്പോയി
  നിഷ്ഫലജന്മം .

ഏഴീസം തീരേം ഉറങ്ങാന്‍ തരാവില്യാച്ചാല്‍
ജീവിതത്തിനു പിന്നെ
എന്താ ഒരു ഇദ് ?.

പുഷ്ക്കരന്‍ ചാക്യരടെടത്ത് കൂടി
മിഴാവ് ശ്ശി വശണ്ട്.

ചാക്യാര് കൂത്തെടാ കൂത്ത്‌...
പുഷ്ക്കരന്‍ മിഴിച്ചങ്ങിരുന്നു
ഉറങ്ങിപ്പോകരുതല്ലോ..

മിഴാവു റങ്ങിപ്പോയി !

ചാക്യാര്‍ക്ക് വിറച്ചു
അതിയാന്‍
മരുത്വാമല അങ്ങനേന്നെ പറിച്ചോ ണ്ട്ന്ന്
പുഷ്കരന്റെ തലയിലെയ്ക്കോങ്ങി
പുഷ്ക്കരന്‍ തുള്ളിപ്പോയി
ചാടിഎണീറ്റോടി ..

ഓടുമ്പോളും തുള്ള് നിന്നില്ല .

ഓടുന്ന ഓട്ടത്തില്‍
നമ്പൂര്യേം നായരേം മാരാരേം
പട്ടരേം ചെട്ട്യെം ചീത്ത വിളിച്ചു .
ന  നാ മാ പ ചെ  പുറകെ ഓടി

പുഷ്ക്കരന്‍ അമ്പലപ്പുഴവരെ ഓടി
അമ്പലമുറ്റത്തെ കളിത്തട്ടില്‍ ചാടിക്കേറി
തുള്ളെടാ തുള്ള് .

ഇതുനല്ലകൂത്തെന്നു മാലോകരും .

പുഷ്ക്കരന്‍ കണ്ണില്‍ക്കണ്ടവന്റെയെല്ലാം
തള്ളയ്ക്കും  മുത്തിക്കും വിളിച്ചു
പണ്ടുകഴിഞ്ഞതും പഴമ്പായീ ചുരുട്ടിയതും
ഉപ്പിട്ടുകുടിച്ചതും ഊതിക്കുടിച്ചതും
എണ്ണിഎണ്ണി പ്പറഞ്ഞ് കോക്ക്രി കാട്ടി
അമ്പലപ്പുഴക്കാര്‍ക്ക്  ക്ഷ പിടിച്ചു
ജനം പുഷ്കരന്റെ കൂടെ കൂടി

ചാക്യാര്‍ക്ക് അരിമുട്ടി
ചമ്മന്തിക്ക് നാളികേരം മുട്ടി .
പിള്ളേരെ പഷ്ണിക്കിടരുതല്ലോ .
നങ്ങ്യാര്‍ക്ക് ശ്ശിരീശ്ശെ
പാട്ടുവശോണ്ടെര്‍ന്നു
ങ്ങ്യാ ര് ചാക്യാരോട്‌ കൂടി
കൂടിയാട്ടം
അമ്പലപ്പുഴക്കാര്‍ പരദൂഷണം പറഞ്ഞു
ക്യാ  ങ്ങ്യാ  മ്പ്യാ .....!

പുഷ്ക്കരന്‍ ചെമ്പകശ്ശേരി തിരുമനസ്സിനെ
മുഖമോഴിച്ച് ബാക്കിയെല്ലാം കാട്ടി
[ മുഖത്ത് എഴുത്തായിരുന്നു ]
രണ്ടെകാലും കോപ്പും തരാക്കി .
അഷ്ട്ടിക്കു കഷ്ട്ടി . !

ഒരുനാള്‍
എന്തെങ്കിലും കൂടി
ഭേദപ്പെടുത്തി തരണമെന്ന് അപേക്ഷിക്കാന്‍ ചെന്നതാ
പോന്നുതിരുമേനിയടവിടെ
തിരുമേനിയുടെ നായുണ്ട്
ദാ മുന്‍പില്‍ ..
പുഷ്കരനും നായും നേര്‍ക്കുനേര്‍ ...

പണ്ട് ചാക്യാര്‍ പുഷ്കരനോട് കാട്ടിയത്
പുഷ്ക്കരന്‍ പട്ടിയോട്‌ കാട്ടി
നായ് നെരിയാണി നോക്കി കമ്മി .
ചക്കപ്പുഴുക്കും നാരയ്ങ്ങാക്കറിയും
 അപഥ്യം  കല്‍പ്പിച്ചു മാത്തൂര്‍ പണിക്കര്‍ .
പുഷ്ക്കരന്‍ കഷ്ടത്തിലായി
ചാടാനും വയ്യ  തുളളാനും വയ്യ
അടുത്തൂണ്‍പറ്റിപ്പിരിഞ്ഞു
പാര്‍ഥസാരഥിയെ അഭയം പ്രാപിച്ചു .

ഒന്നര ഇടങ്ങഴി നേദ്യചോര്‍
മുന്നാഴി പാല്‍പ്പായസം
രണ്ടപ്പം
ഒരുചാണ്‍ [?]വയറിനതെന്താകാന്‍ ...

അവസാനം
കുറുക്കുകാളന്‍ശിരസ്സിലടിച്ചു
സിദ്ധിപൂകി
പുഷ്ക്കരന്‍ .
Tuesday, 24 July 2012

ക്ഷേത്രക്കുളങ്ങള്‍താമരപ്പൊയ്കകളാകുമ്പോള്‍ ..


ക്ഷേത്ര കുളങ്ങള്‍ താമര പോയ്കകളാകുന്നു . .കാരിയും വരാലും പരല്‍ കണ്ണിയും വിളഞ്ഞിരുന്ന അമ്പലക്കുളങ്ങളില്‍  ആളനക്കവും അലയിളക്കവും  നിലച്ചപ്പോള്‍ പായലും ചേറും നിറയുന്നു . .ബാല്യം നനഞ്ഞുകയറിനിന്ന് വെയിലുകാഞ്ഞ കുളപ്പടവുകളിലേക്ക്  ഇപ്പോള്‍ ശാന്തിക്കാര്‍ പോലും കടന്നു ചെല്ലാറില്ല .കൌമാരകുതൂഹലങ്ങള്‍ജലക്രീഡകളാടിയ നീര്തടങ്ങലിലേക് നീര്‍ക്കാക്കകളും വിരുന്നു വരുന്നില്ല..
.മാര്‍ച്ച് മാസം  മനസ്സില്‍ പ്രണയവിരഹത്തിന്റെ മഷികോരിയിട്ടനാളുകളില്‍ ഉള്‍ താപമാറ്റാന്‍  ,ഏറെനേരം ചിലവിട്ട ശീതള ജലാശയങ്ങള്‍  ഹ്ലാദ വിഷാദങ്ങള്‍ തൊട്ടറിയാനരുതാത്ത വിധം വിശ്രാന്തിയുടെ കേവല ചമാല്‍ക്കാരങ്ങളായി .വെറും കൌതുകക്കഴ്ച്ചകളായി ...

നാട്ടുപയ്യാരങ്ങള്‍ കുത്തിപ്പിഴിഞ്ഞിരുന്ന വഴുക്കും മെഴുക്കുമുള്ള ,പെണ്‍ചൂരടിക്കുന്ന പെണ്‍ കടവുകളിലെ അലക്ക് കല്ലുകള്‍ക്കുമീതെ, കാശിപ്പുല്ലുകള്‍ കിളുര്‍ത്തു കഴിഞ്ഞു.
 ഉദിച്ചസ്ത മിക്കുവോളം മുട്ടംവെട്ടി പണിയെടുത്ത് മേലുകടഞ്ഞെത്തി ..കാഞ്ഞു കിടക്കുന്ന അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശരീര ക്ഷീണം മാറ്റിയിരുന്ന സന്ധ്യാ സ്നാനങ്ങളും ഓര്‍മകളിലെ ഈര്‍പ്പം മാത്രമായി ..
അമ്പലക്കുളങ്ങള്‍ കേവലം സംസ്കാര മുദ്രകള്‍ മാത്രമല്ല .അവ സൗഹൃദങ്ങളുടെ ചോരയോട്ടം ത്വരിതപ്പെടുത്തിയ മലയാണ്മയുടെ നേരനുഭാവമായിരുന്നു ....അവ മലയാളിക്ക് ഓജസ്സും ഊര്‍ജവും പ്രദാനം ചെയ്തിരുന്ന കായകല്പ്പമായിരുന്നു .
മലയാളിക്ക് സ്വന്തം സാംസ്കാരിക മുദ്രകളും പൊതു ഇടങ്ങളും നഷ്ടമാകുകയാണ് .കുളങ്ങള്‍ ..മൈതാനങ്ങള്‍ കായലിരമ്പുകള്‍  കടല്‍തീരങ്ങള്‍ ..കാടുകള്‍ ..കുന്നുകള്‍ ......ഈ നഷ്ടങ്ങളില്‍ വല്ലാതെ വ്യസനിക്കുന്നവരെ ബുദ്ധിയുള്ള സമൂഹം റോമാന്റിക്കുകള്‍ എന്ന് പരിഹസിക്കുന്നു .
വനവനവാസ കാലത്ത് ദ്വൈദ വനത്തിലെ   താമരപ്പൊയ്കയില്‍ കുളിക്കാനിറങ്ങിയ അര്‍ജുനപാണ്ടവനെ, അങ്ഗാരപര്‍ണന്‍ എന്ന ഗന്ധര്‍വന്‍ തടയുന്നുണ്ട്‌ .അപ്പോള്‍ ഭാരതപുത്രനായ അര്‍ജുനന്‍ പറയുന്നത് " - രമ്യഭൂഭാഗം, നദികള്‍, പര്‍വതങ്ങള്‍ ഇവയൊന്നും ആരുടേയും സ്വന്തമല്ല ':'എന്നാണു  ....         കാടും ..മലകളും ..നദികളും ..എന്നുവേണ്ട രമ്യഭൂഭാഗ ഭംഗികളെല്ലാം നഷ്ടമായ മലയാളിയുടെ പുതിയകാലത്തെ അര്‍ജുനവിഷാദ്‌ യോഗമാകുകയാണ് അമ്പലക്കുളങ്ങള്‍ .


Monday, 28 May 2012

അന്നമയകോശം

അന്നമയകോശം 


ഒരു നേരം ഉണ്ണുന്നവന്‍ യോഗി
രണ്ടു നേരം ഉണ്ണുന്നവന്‍ ഭോഗി

മൂന്ന് നേരം ഉണ്ണുന്നവന്‍ രോഗി
നാല് നേരം ഉണ്ണുന്നവന്‍ പാപി         
 ഒരു നേരംമാത്രമുണ്ണുന്ന 'യോഗി'നി യായ എന്റെ അമ്മയ്ക്ക്
             കൊളസ്ട്രോളും കുടല്‍ പുണ്ണും.
`ഉണ്ടാലോഴക്ക്‌ വെള്ളം കുടിക്കണ`മെന്നു പഴമക്കാര്‍
`ഉണിനു രണ്ടു മണിക്കൂര്‍ മുന്‍പോ ..പിന്‍പോ,
മാത്രമേ വെള്ളം കുടിക്കാവൂ - എന്ന് പ്രകൃതി ജീവനക്കാരന്‍
                ഭാഗ്യം..ഉണ്ണുന്നവന്‍ വെള്ളം കുടിക്കരുത് എന്ന്ന് പറഞ്ഞില്ലല്ലോ?
"വെള്ളം ചവച്ചു തിന്നണം,ഭക്ഷണം വലിച്ചു കുടിക്കണം" എന്ന് വര്‍മ്മാജി
"അതങ്ങോട്ട് വലിച്ചു കുടിച്ചു വാരിത്തിന്ന് മകനേ ഒരു കത്തലടങ്ങട്ടെ"
എന്ന്   മൂത്തമ്മ
"അത്താഴം കഴിക്കരുത്" എന്ന് ഉള്‍പ്പലാക്ഷന്‍ - പ്രകൃതി ജീവനം
"അത്താഴപഷ്ണികിടക്കരുത് " എന്ന് മുത്തച്ഛന്‍
             മണ്ണനൂക്കണ നേരത്ത് മണ്ണെണ്ണയ്ക്ക പോകുന്ന മുത്തച്ചന്‍ 
             അന്തിമൂന്നും കൂടുമ്പോള്‍ പോറക്കൊടിയുമായ്
             അയലോക്കം തോറും തീക്കുതിരിക്കുന്ന മൂത്തമ്മ.നന്നായി   
"അന്നരം ചൊല്ലാതെ കിന്നാരം തോന്നൂല്ല" എന്ന് പപ്പുഅമ്മാവന്റെആപ്തം.
"തന്നെ...തന്നെ..." പരമുച്ചാരുടെ സാഷ്യം.
"അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം, മുത്താഴമുണ്ടാല്‍ മുള്ളേലും  കിടക്കണം"
എന്ന്  കോന്നമ്മാമന്‍
                     അത്താഴമുണ്ടാല്‍ പിന്നെ അതിയാനെ ഒന്നിനും കൊള്ളുല്ലെന്നു
                     മരിയ ചേടത്തി .
                     ഉച്ചയ്ക്കുറങ്ങിയാല്‍  കഫം കോപിക്കുമെന്നു കെ എന്‍ തിലകന്‍...(ഡോക്ടര്‍)

ശരീരമാദ്യം ഖലുധര്‍മ സാധനം .

                    ok ..ok . .
                    ഖലധര്‍മ്മം ?
                    കര്‍മ്മണയെ വാധികാരസ്തെ  മാഫലേഷു കദാചന .

രസ (അന്നം) ത്തില്‍ നിന്ന് രക്തമുണ്ടാകുന്നു..
രക്തത്തില്‍ നിന്നും മാംസം
മാംസത്തില്‍ നിന്ന് മേദസ്സും
മേദസ്സില്‍ നിന്നും അസ്ഥിയും
അസ്ഥിയില്‍ നിന്ന് മജ്ജയുമുണ്ടാകുന്നു...
മജ്ജയില്‍ നിന്ന് ജീവന്റെ ആധാരമായ ശുക്ലമുണ്ടാകുന്നു.
(ഓജസ്സ്, ഊര്‍ജ്ജം, സൌന്ദര്യം, തന്റേടം, കവിത, വിപ്ലവം തുടങ്ങി സകല 69 ന്റെയും
കാരകത്വം വഹിക്കുന്ന പതാര്‍ത്ഥമത്രേ ശുക്ലം)
               മിച്ചം വന്ന ധാന്യത്തില്‍ നിന്നാണ് കലയും സംസ്കാരവും രൂപപ്പെട്ടതെന്നു
               തമാശ പറഞ്ഞ കാറല്‍ മാര്‍ക്സ്  വാസ്തവത്തില്‍ ഒരു ആയുര്‍വേദ
               ആചാര്യനല്ലാതെ വരില്ല...

പച്ചചോറും വാരിത്തിന്ന് കുത്തി ചാരിയിരുന്നുരങ്ങേണ്ട നേരത്ത്  ഒരു നശിച്ച കാമം...
28  ദിവസം മുന്‍പ് കഴിച്ച ഭക്ഷണം അങ്ങ് പരുവപ്പെട്ടു.പ്രസന്ന വദനം ധ്യായെ
സര്‍വ്വ വിഘ്നോപ ശാന്തായെ........
.
.........................
              ഗുണപാഠം:  ഒന്ന് -- ഭക്ഷണം പാഴില്‍ കളയരുത്  - കാരണം 
                                                അത് "കോഴി"യാണ്, "പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്"
                                                കമ്മുണിസ്റ്റു ഗവര്‍മെന്റാണ്   . 
                                   രണ്ട് -- അമ്മാമനായിട്ടു മുടിഞ്ഞു കാളിച്ചോത്തി....ഇനിയിപ്പോള്‍ 
                                                ഞാനായിട്ട് വേണം നന്നാകാന്‍ ...ഒരുണക്കതേങ്ങായുണ്ട്‌..
                                                അതിനുള്ളതും കൂടി തന്നേര്...(കള്ള് )
                                               

 

Wednesday, 11 January 2012

ചിത്രപ്പൂവുകള്‍

          ചിത്രപ്പൂവുകള്‍

മനോഹരമായ ഈ കിടപ്പറയില്‍
എല്ലാം ഭംഗിയായിരിക്കുന്നു
മധുബാനി ചിത്രകംബളം വിരിച്ച
വിശാലമായ മെത്ത
ചാരെ
പഴമയുടെ പ്രൌഡി ചോരാതെ                   
പോളിഷ് ചെയ്തു മനോഹരമാക്കിയ മേശ
നീലവിരി  ഞൊറിഞ്ഞിട്ട  ജാലകങ്ങള്‍
നീലവെളിച്ചം പൊഴിയുന്ന
വൈദ്യുത വിളക്ക്  ..കയ്യെത്തി തൊടാവുന്ന സ്വിച്ച്...

.
മനോഹരമായ കിടക്കറയില്‍
എല്ലാം ഭദ്രമായിരിക്കുന്നു..
മേശമേല്‍
പഴയ ലക്കം മാസികകള്‍,
 ആടുജീവിതം
അഗ്നിച്ചിറകുകള്‍
വിളക്ക്..
മുറിക്കകത്ത്
എയര്‍ ഫ്രെഷ്ണര്‍ നേരുന്ന സുഖദമായ മൃദു ഗന്ധം

എല്ലാം ഭംഗിയായിരിക്കുന്നു.
ദിവസവും
പഴയ ജലം വാര്‍ന്നു  കളഞ്ഞ് പുതിയ ജലം
പകര്‍ന്നു വയ്ക്കുന്നു
കൂറമണം വരുന്നതിനു മുമ്പ്  മാസികകള്‍ മാറ്റി പുതിയവ വയ്കപ്പെടുന്നു
ജനാല വിരികള്‍ എല്ലായ്പോഴും
ഇളം നീലയായിരിക്കാന്‍ ശ്രദ്ധിക്കുന്നു

എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ട്

കണ്ണുകളില്‍ ഉറക്കം  കടിക്കുമ്പോള്‍   മാത്രം 
കിടക്കറയില്‍ കടക്കാന്‍ ശ്രമിക്കുന്നു
കൂര്‍ക്കം വലി ഒഴിവാക്കാന്‍ എപ്പോഴും
ചെരിഞ്ഞു കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുന്നു
വല്ലപ്പോഴുമൊരിക്കല്‍
ഉറക്കത്തിന്റെ സുഖാനുഭവത്തില്‍
മലര്‍ന്നു കിടന്നു കൂര്‍ക്കം വലിച്ചാല്‍
ഒരു മൃദു സ്പര്‍ശതിലൂടെയോ
നേരിയ ശബ്ദതിലുടെയോ
പരസ്പരം അറിയിക്കാനും തിരുത്താനും
സവിശേഷമായ ഒരു ആശയ വിനിമയ പദ്ധതി
അവര്‍ രൂപപ്പെടുത്തിയെടുതിട്ടുണ്ട്

കിടപ്പറയിലേക്ക്
ഒരുമിച്ചു തന്നെ പ്രവേശിക്കുന്നതാണ്
അവര്‍ക്ക് ശീലം
ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌
പനിയോ, ജലദോഷമോ
വയറ്റിലസുഖമോ   പിടിപെട്ടാല്‍
മുറിയിലേക്ക് പ്രവേശിക്കാതെ
നടുത്തളത്തിലെ  സെറ്റിയില്‍ രാവു കഴിക്കാന്‍
അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു

നീലവിരിയിട്ട ജാലകങ്ങള്‍
ഞായറാഴ്ച പകലുകളില്‍ മാത്രം തുറന്നിടുന്നു
അവ ഒരിക്കലും
ഇരുട്ടിലേക്കും നിലാവിലേക്കും തുറക്കാറില്ല 
മിന്നാ മിനുങ്ങുകളുടെ ഈറന്‍ വെട്ടം
കട്ടിയുള്ള കണ്ണാടി ജനലുകളുടെ നീലവിരി കടന്ന്
ഒരിക്കലും
ഈ മുറിയിലെത്താറില്ല
ഇലചാര്‍തുകളില്‍
മഴയുടെ ജല തരംഗം പൊഴിയുന്നതും....

 കിടക്കറയില്‍
എല്ലാം ഭംഗിയായും ഭദ്രമായുമിരിക്കുന്നു...
മനോഹരമായ കിടക്കവിരിയിലെ ചിത്രപ്പൂവുകള്‍
വാടുന്നില്ല....
കൊഴിയുന്നുമില്ല.......   
 
 

Thursday, 17 November 2011

എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...


എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...


കൂട്ടുകാരാ
 എന്റെ കയ്യില്‍ ഒരു വാക്കുണ്ട്
ഇത്രയും നാള്‍ കരളില്‍ ചേര്‍ത്ത് വച്ച
കാതരമായ ഒരു വാക്ക്
എത്രയും മൃദുവായ 
ഒന്ന്

പ്രിയപ്പെട്ട പെണ്‍കുട്ടീ
നിന്നോടെന്തെങ്കിലും പറയുവാന്‍
ഞാന്‍ ഏറ്റം ഭയക്കുന്നു
കാരണം
വാക്കുകൊണ്ടോ വഴക്കം കൊണ്ടോ
നിന്റെ സ്നേഹം എനിക്ക് നഷ്ടമാകുന്നത്
എത്ര ദു:ഖകരമാണ്
അതിലുമെത്രയോ നന്നാണ്
നമുക്ക് സ്നേഹിക്കാതെ
പ്രേമിക്കാതെ
ഒന്നും മിണ്ടാതെ
വെറുതെ, പരസ്പരം ഇഷ്ടപ്പെടുക എന്നത്

പ്രിയപ്പെട്ടവനേ
ഞാന്‍ അതൊരു കുങ്കുമ ചിമിഴിലാണ്
സൂക്ഷിച്ചു വച്ചിരിക്കുന്നത്  
പഴയ കളിപ്പാട്ടങ്ങളും
പൊട്ടിയ സ്ലേറ്റു പെന്‍സിലും മുത്തുകളും
ഉടഞ്ഞ കുപ്പിവളകളും മയില്പീലി കണ്ണും സൂക്ഷിക്കുന്ന
ഒരു കാല്‍പ്പെട്ടിയുന്ടെനിക്ക്
(അമ്മൂമ്മ എനിക്ക് സമ്മാനിച്ചതാണ്‌ ആ പെട്ടി )
അതിലാണ്
ഞാന്‍ അത് സൂക്ഷിച്ചിരിക്കുന്നത്

ഓ എന്റെ പ്രകൃതീ
നീ വളരെ
കളര്‍ സെന്സുള്ള
ഒരു പെണ്‍കുട്ടിയാണ്
ഈ ഇളം നിറങ്ങള്‍ നിനക്ക്
എത്ര നന്നായി ഇണങ്ങുന്നു
ഏറ്റവും അടുത്തിരിക്കുവാന്‍ ഇഷ്ടപ്പെടുമാറ്
അത്രയും സൌമ്യമായ നിറങ്ങള്‍ ...
മറ്റുള്ള നിന്റെ തരക്കാരെ നോക്കൂ
എന്തിനാണ് അവര്‍
ഇത്ര കടും നിറങ്ങള്‍ ഉപയോഗിക്കുന്നത്
സന്ധ്യകളില്‍ മുടിക്കെട്ടില്‍
വാടാത്ത പുതിയ മുല്ലപ്പൂക്കള്‍ ചൂടുന്നത്.....

നോക്കൂ...നോക്കൂ ശരത്...
(ഈ ഡിസംബറില്‍ ഞാന്‍ അങ്ങനെ വിളിച്ചെന്നെ ഉള്ളൂ...)
പിന്നെയുമുണ്ട് എന്നെ സംബന്ധിച്ച് നിനക്ക് വിളിപ്പേരുകള്‍
ശിശിര്‍....വസന്ത്....ഹേമന്ത്...എന്നിങ്ങനെ..
പിന്നെ
ചില കാലങ്ങളില്‍ ഞാന്‍ തന്നെ അങ്ങ് മാറും
വര്‍ഷ എന്നോ ഗ്രീഷ്മ എന്നോ....
അത്  എന്റെ സ്വകാര്യ കൌതുകം..
രത്, നീ എന്തിനാണ്
നിറങ്ങളെ കുറിച്ചും സന്ധ്യകളെ കുറിച്ചും
വാടാത്ത പുതിയ മുല്ലപ്പൂക്കളെ കുറിച്ചും സംസാരിക്കുന്നത്
അതെല്ലാം തൊഴിലുമായി ബന്ധപ്പെട്ട
അടയാളങ്ങള്‍ അല്ലെ...?
നോക്കൂ...ഞാനിപ്പോള്‍ നിന്നില്‍ സ്വസ്ഥയാകാന്‍
ആഗ്രഹിക്കുന്നു...
നിന്റെ കാതില്‍ കാതരമായ് മൊഴിയാന്‍
എനിക്കൊരു വാക്കുണ്ട്...

 
യ്‌  വര്‍ഷ
നീ എന്തേ ഇങ്ങനെ...
ഒരു കല്ലു കമ്മല്‍ പോലും അണിയാതെ
ഈ ഇളം വയലറ്റ് നിറം വാസ്തവത്തില്‍ സുഖകരമാണ്
സുഖദമായ ഒരു ശാന്തി എന്നെ ചൂഴുന്നു...
ഈ ചന്ദന ഗന്ധം സത്യത്തില്‍
നിര്‍മ്മലമായ മറ്റൊരിടത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്
എന്തേ  നീ യൂ ദീ കൊളോനും
ക്ലിയോപാട്രയും........

ഹേമന്ത്,
നീ ഒരുപാട് അറിവുള്ളവനല്ലേ?
കാക്കകളുടെ നടുവില്‍
കൊറ്റിയെ പോല്‍ ഇങ്ങനെ നടക്കുന്നത് മൂലം
എന്റെ ബിസിനസ്‌ ലാഭത്തില്‍ ഓടുന്നുണ്ട്..
എല്ലാ പുരുഷന്മാരും ഒരു പോലല്ലല്ലോ പ്രിയപ്പെട്ടവനെ
ചിലര്‍ , തിയെറ്ററുകളുടെ അരണ്ട വെളിച്ചവും
കോഫി ബാറും ഇഷ്ടപ്പെടുന്നു...
ചിലര്‍ കടല്‍ക്കാറ്റും  മരത്തണലും  ഇഷ്ടപ്പെടുമ്പോള്‍
ഇനിയും ചിലര്‍ തിരക്കുകളില്‍ നഷ്ടപ്പെട്ടു
വിയര്‍ത്ത്  ഒലിക്കാന്‍  ഇഷ്ടപ്പെടുന്നവരാണ്...
എന്നാലോ
അപൂര്‍വ്വം ചിലര്‍ മാത്രം
ക്ഷേത്ര പരിസരങ്ങള്‍ ഇഷ്ടപ്പെടുന്നു..
അങ്ങനെയുള്ളവരാണ്  എന്റെ കസ്റ്റമേര്സ്
എന്ന് കൂട്ടിക്കോളൂ..
പക്ഷെ ശിശിര്‍ ,
ഞാന്‍ എന്റെ അരിയും അലക്ക് സോപ്പും തേടി
ചന്ദന തൈലവും ഇളം നിറങ്ങളും അണിഞ്ഞ്‌..
ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുമ്പോളും
ഞാന്‍ ഒറ്റയ്കല്ലല്ലോ
എന്റെ കയ്യില്‍ ഒരു വാക്കുണ്ട്... 
നിനക്കായി
നിനക്ക് മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന
കൈതപ്പൂ മണമുള്ള ഒരു വാക്ക്.

എന്റെ പെണ്‍കുട്ടീ...
നീ ഒരിക്കലും ആകാശ നീലിമ ഇഷ്ടപ്പെടുന്നില്ല
എല്ലാ പെണ്‍കുട്ടികളും ആദ്യം
ഇഷ്ടപ്പെടുന്ന നിറം അതാണ്‌.
പിന്നെ വാടാമല്ലി,
പയര്‍ മണിപ്പച്ച
ഓറഞ്ച് ....
ഉത്സവങ്ങള്‍ക്കായി തീ നാമ്പിന്റെ
തിളങ്ങുന്ന ചുകപ്പും.
നീ മാത്രം
പാടല വര്‍ണത്തില്‍ ...

വസന്ത്,
നീ നിറങ്ങളെ കുറിച്ചും
ഗന്ധങ്ങളെ കുറിച്ചും
സന്ധ്യകളെയും
പൂക്കളെയും
പെണ്ണുങ്ങളുടെ മനസിനെയും കുറിച്ച് സംസാരിക്കുന്നു
നീ എന്താണ്
ഒരിക്കല്‍പോലും
എന്റെ ചുണ്ടുകളില്‍
ഒന്ന് ചുംബിക്കാത്തത്
നിനക്ക് വേണ്ടി ഞാന്‍ കരുതി വച്ച ആ വാക്ക്
എന്റെ വായില്‍ കിടന്നു കയ്ക്കുന്നു...

സന്ത്,
എന്തിനാണ് നീ
എന്റെ മാറില്‍ ഇങ്ങനെ കരയുന്നത്...
എന്തിനു വേണ്ടിയാണ്
എന്റെ മടിയില്‍
നീ കയര്‍ക്കുന്നത്
നീ അന്വേഷിക്കുന്നത്
ഇതാ..
എന്റെ ചുണ്ടുകളിലാണുള്ളത്
വസന്ത്,
നീ എന്നെ ഒന്ന് ചുംബിക്കൂ..
ഒരിക്കലെങ്കിലും...

എന്റെ പ്രകൃതീ...
നീ പെട്ടെന്ന് തണുത്തല്ലോ
ചുട്ടു വിങ്ങിയ ഒരു പോളം
പെട്ടെന്ന്  പൊട്ടി ഒലിച്ചത് പോലെ
നീ കുടുങ്ങിപ്പോയിരിക്കുന്നു..
പക്ഷെ
നിന്റെ പിന്‍കഴുത്തിലെ വിയര്‍പ്പിന്
സുഖകരമായ ഒരു ഗന്ധം
എല്ലാ പെണ്ണുങ്ങളെയും പോലെ
ക്ലാവ് മണമല്ല...
കറുകം പുല്ലിന്റെ പച്ച മണം... 

സ്നേഹിതാ...
ശവം നാറുന്നതിന്‍ മുമ്പ്
ഈ ജഡം വിട്ടു
പുറത്തു പോകുക
പോകുന്നതിനു മുമ്പ്
ഈ കണ്ണിമകള്‍ ഒന്ന് ചേര്‍ത്തടച്ചേക്കുക
വരണ്ട ചുണ്ടുകളും
മുദ്രവയ്ക്കുക..