Thursday 17 November 2011

എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...


എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...










കൂട്ടുകാരാ
 എന്റെ കയ്യില്‍ ഒരു വാക്കുണ്ട്
ഇത്രയും നാള്‍ കരളില്‍ ചേര്‍ത്ത് വച്ച
കാതരമായ ഒരു വാക്ക്
എത്രയും മൃദുവായ 
ഒന്ന്





പ്രിയപ്പെട്ട പെണ്‍കുട്ടീ
നിന്നോടെന്തെങ്കിലും പറയുവാന്‍
ഞാന്‍ ഏറ്റം ഭയക്കുന്നു
കാരണം
വാക്കുകൊണ്ടോ വഴക്കം കൊണ്ടോ
നിന്റെ സ്നേഹം എനിക്ക് നഷ്ടമാകുന്നത്
എത്ര ദു:ഖകരമാണ്
അതിലുമെത്രയോ നന്നാണ്
നമുക്ക് സ്നേഹിക്കാതെ
പ്രേമിക്കാതെ
ഒന്നും മിണ്ടാതെ
വെറുതെ, പരസ്പരം ഇഷ്ടപ്പെടുക എന്നത്

പ്രിയപ്പെട്ടവനേ
ഞാന്‍ അതൊരു കുങ്കുമ ചിമിഴിലാണ്
സൂക്ഷിച്ചു വച്ചിരിക്കുന്നത്  
പഴയ കളിപ്പാട്ടങ്ങളും
പൊട്ടിയ സ്ലേറ്റു പെന്‍സിലും മുത്തുകളും
ഉടഞ്ഞ കുപ്പിവളകളും മയില്പീലി കണ്ണും സൂക്ഷിക്കുന്ന
ഒരു കാല്‍പ്പെട്ടിയുന്ടെനിക്ക്
(അമ്മൂമ്മ എനിക്ക് സമ്മാനിച്ചതാണ്‌ ആ പെട്ടി )
അതിലാണ്
ഞാന്‍ അത് സൂക്ഷിച്ചിരിക്കുന്നത്

ഓ എന്റെ പ്രകൃതീ
നീ വളരെ
കളര്‍ സെന്സുള്ള
ഒരു പെണ്‍കുട്ടിയാണ്
ഈ ഇളം നിറങ്ങള്‍ നിനക്ക്
എത്ര നന്നായി ഇണങ്ങുന്നു
ഏറ്റവും അടുത്തിരിക്കുവാന്‍ ഇഷ്ടപ്പെടുമാറ്
അത്രയും സൌമ്യമായ നിറങ്ങള്‍ ...
മറ്റുള്ള നിന്റെ തരക്കാരെ നോക്കൂ
എന്തിനാണ് അവര്‍
ഇത്ര കടും നിറങ്ങള്‍ ഉപയോഗിക്കുന്നത്
സന്ധ്യകളില്‍ മുടിക്കെട്ടില്‍
വാടാത്ത പുതിയ മുല്ലപ്പൂക്കള്‍ ചൂടുന്നത്.....

നോക്കൂ...നോക്കൂ ശരത്...
(ഈ ഡിസംബറില്‍ ഞാന്‍ അങ്ങനെ വിളിച്ചെന്നെ ഉള്ളൂ...)
പിന്നെയുമുണ്ട് എന്നെ സംബന്ധിച്ച് നിനക്ക് വിളിപ്പേരുകള്‍
ശിശിര്‍....വസന്ത്....ഹേമന്ത്...എന്നിങ്ങനെ..
പിന്നെ
ചില കാലങ്ങളില്‍ ഞാന്‍ തന്നെ അങ്ങ് മാറും
വര്‍ഷ എന്നോ ഗ്രീഷ്മ എന്നോ....
അത്  എന്റെ സ്വകാര്യ കൌതുകം..
രത്, നീ എന്തിനാണ്
നിറങ്ങളെ കുറിച്ചും സന്ധ്യകളെ കുറിച്ചും
വാടാത്ത പുതിയ മുല്ലപ്പൂക്കളെ കുറിച്ചും സംസാരിക്കുന്നത്
അതെല്ലാം തൊഴിലുമായി ബന്ധപ്പെട്ട
അടയാളങ്ങള്‍ അല്ലെ...?
നോക്കൂ...ഞാനിപ്പോള്‍ നിന്നില്‍ സ്വസ്ഥയാകാന്‍
ആഗ്രഹിക്കുന്നു...
നിന്റെ കാതില്‍ കാതരമായ് മൊഴിയാന്‍
എനിക്കൊരു വാക്കുണ്ട്...

 
യ്‌  വര്‍ഷ
നീ എന്തേ ഇങ്ങനെ...
ഒരു കല്ലു കമ്മല്‍ പോലും അണിയാതെ
ഈ ഇളം വയലറ്റ് നിറം വാസ്തവത്തില്‍ സുഖകരമാണ്
സുഖദമായ ഒരു ശാന്തി എന്നെ ചൂഴുന്നു...
ഈ ചന്ദന ഗന്ധം സത്യത്തില്‍
നിര്‍മ്മലമായ മറ്റൊരിടത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്
എന്തേ  നീ യൂ ദീ കൊളോനും
ക്ലിയോപാട്രയും........

ഹേമന്ത്,
നീ ഒരുപാട് അറിവുള്ളവനല്ലേ?
കാക്കകളുടെ നടുവില്‍
കൊറ്റിയെ പോല്‍ ഇങ്ങനെ നടക്കുന്നത് മൂലം
എന്റെ ബിസിനസ്‌ ലാഭത്തില്‍ ഓടുന്നുണ്ട്..
എല്ലാ പുരുഷന്മാരും ഒരു പോലല്ലല്ലോ പ്രിയപ്പെട്ടവനെ
ചിലര്‍ , തിയെറ്ററുകളുടെ അരണ്ട വെളിച്ചവും
കോഫി ബാറും ഇഷ്ടപ്പെടുന്നു...
ചിലര്‍ കടല്‍ക്കാറ്റും  മരത്തണലും  ഇഷ്ടപ്പെടുമ്പോള്‍
ഇനിയും ചിലര്‍ തിരക്കുകളില്‍ നഷ്ടപ്പെട്ടു
വിയര്‍ത്ത്  ഒലിക്കാന്‍  ഇഷ്ടപ്പെടുന്നവരാണ്...
എന്നാലോ
അപൂര്‍വ്വം ചിലര്‍ മാത്രം
ക്ഷേത്ര പരിസരങ്ങള്‍ ഇഷ്ടപ്പെടുന്നു..
അങ്ങനെയുള്ളവരാണ്  എന്റെ കസ്റ്റമേര്സ്
എന്ന് കൂട്ടിക്കോളൂ..
പക്ഷെ ശിശിര്‍ ,
ഞാന്‍ എന്റെ അരിയും അലക്ക് സോപ്പും തേടി
ചന്ദന തൈലവും ഇളം നിറങ്ങളും അണിഞ്ഞ്‌..
ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുമ്പോളും
ഞാന്‍ ഒറ്റയ്കല്ലല്ലോ
എന്റെ കയ്യില്‍ ഒരു വാക്കുണ്ട്... 
നിനക്കായി
നിനക്ക് മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന
കൈതപ്പൂ മണമുള്ള ഒരു വാക്ക്.

എന്റെ പെണ്‍കുട്ടീ...
നീ ഒരിക്കലും ആകാശ നീലിമ ഇഷ്ടപ്പെടുന്നില്ല
എല്ലാ പെണ്‍കുട്ടികളും ആദ്യം
ഇഷ്ടപ്പെടുന്ന നിറം അതാണ്‌.
പിന്നെ വാടാമല്ലി,
പയര്‍ മണിപ്പച്ച
ഓറഞ്ച് ....
ഉത്സവങ്ങള്‍ക്കായി തീ നാമ്പിന്റെ
തിളങ്ങുന്ന ചുകപ്പും.
നീ മാത്രം
പാടല വര്‍ണത്തില്‍ ...

വസന്ത്,
നീ നിറങ്ങളെ കുറിച്ചും
ഗന്ധങ്ങളെ കുറിച്ചും
സന്ധ്യകളെയും
പൂക്കളെയും
പെണ്ണുങ്ങളുടെ മനസിനെയും കുറിച്ച് സംസാരിക്കുന്നു
നീ എന്താണ്
ഒരിക്കല്‍പോലും
എന്റെ ചുണ്ടുകളില്‍
ഒന്ന് ചുംബിക്കാത്തത്
നിനക്ക് വേണ്ടി ഞാന്‍ കരുതി വച്ച ആ വാക്ക്
എന്റെ വായില്‍ കിടന്നു കയ്ക്കുന്നു...

സന്ത്,
എന്തിനാണ് നീ
എന്റെ മാറില്‍ ഇങ്ങനെ കരയുന്നത്...
എന്തിനു വേണ്ടിയാണ്
എന്റെ മടിയില്‍
നീ കയര്‍ക്കുന്നത്
നീ അന്വേഷിക്കുന്നത്
ഇതാ..
എന്റെ ചുണ്ടുകളിലാണുള്ളത്
വസന്ത്,
നീ എന്നെ ഒന്ന് ചുംബിക്കൂ..
ഒരിക്കലെങ്കിലും...

എന്റെ പ്രകൃതീ...
നീ പെട്ടെന്ന് തണുത്തല്ലോ
ചുട്ടു വിങ്ങിയ ഒരു പോളം
പെട്ടെന്ന്  പൊട്ടി ഒലിച്ചത് പോലെ
നീ കുടുങ്ങിപ്പോയിരിക്കുന്നു..
പക്ഷെ
നിന്റെ പിന്‍കഴുത്തിലെ വിയര്‍പ്പിന്
സുഖകരമായ ഒരു ഗന്ധം
എല്ലാ പെണ്ണുങ്ങളെയും പോലെ
ക്ലാവ് മണമല്ല...
കറുകം പുല്ലിന്റെ പച്ച മണം... 

















സ്നേഹിതാ...
ശവം നാറുന്നതിന്‍ മുമ്പ്
ഈ ജഡം വിട്ടു
പുറത്തു പോകുക
പോകുന്നതിനു മുമ്പ്
ഈ കണ്ണിമകള്‍ ഒന്ന് ചേര്‍ത്തടച്ചേക്കുക
വരണ്ട ചുണ്ടുകളും
മുദ്രവയ്ക്കുക..