Tuesday 4 October 2011

സങ്കടക്കാക്ക



സങ്കടക്കാക്ക
ചിങ്ങം ഒന്ന്
ആണ്ടുപിറപ്പ്
ശുക്ലപക്ഷത്രിദീയ
ഉതൃട്ടാതിനാള്
അന്ന് ഒരു തുമ്പിവന്നു.  
ചുവന്ന വാലും ചിറകുമുളള ഓണതുമ്പി.
അത് വന്ന് തുമ്പപ്പൂവിലിരുന്നു.
രണ്ടാം നാള് ചിത്രശലഭം.
എന്തൊരാര്ഭാടം!! 
നിറങ്ങളില് ആറാടിവന്ന്  തെച്ചികൊമ്പിലിരുന്ന് വാലാട്ടി രസിക്കുന്നു.
 മൂന്നാം നാള് വന്നത് ഒരു മയിലാണ്.
എങ്ങുനിന്നു വന്നെന്നറിവീല രാജപക്ഷി
കുഞ്ഞുമോളുടെ മുന്നില് വന്നു നിന്ന് പീലിയെല്ലാം വിരിച്ചാടി അവളെ മോഹിപ്പിച്ചു എന്നിട്ട് ഒരു പീലിപോലും കൊടുക്കാതെ കുറുമ്പുകാട്ടി ഒരൊറ്റപോക്ക് .

നാലാം നാള് വന്നത് ചെമ്പോത്ത്.
അത് പിന്നെ മുറ്റത്തേക്ക് വരില്ല.
 അഞ്ചിന്റെ അന്ന് വന്നത് കുഞ്ഞടയ്ക്കാക്കിളി.
അടയ്ക്കാക്കിളിക്കിഷ്ടം ഒളിച്ചുകളി.
ആറാംനാള് അണ്ണാറക്കണ്ണന് വന്നു.
പുളളിക്കാരന് നേരേ അകത്തേക്കാണ് വരിക.
എല്ലാം വിനയമായിരിക്കുന്നോ എന്നാണ് ആദ്യം നോക്കുക.
ഏഴാം നാള്  എരണ്ടപക്ഷിയാണ് വന്നത്.
കുളിക്കാനിറങ്ങിയപ്പോഴേ കണ്ടുളളുതൊട്ടുമുമ്പില് വന്നു പൊങ്ങി. എന്നെ കണ്ടതും മുങ്ങാംകുഴിയിട്ടുഇനീപ്പോ കക്ഷിയെ നോക്കിനിന്നാല് എന്റെ കുളിയും നടക്കില്ല;പണിയും മുടങ്ങും.
എട്ടിന്റെയന്ന് സന്ധ്യമയങ്ങിയനേരം
ഒരു ഞാറകരയണതു  കേട്ടു

വടക്കോട്ടോ എന്ന് ചെവിയോര്ത്തു. 'ഞാറകരഞ്ഞ് വടക്കോട്ട്........ നായര് ചത്ത് തെക്കോട്ട്......' എന്നാണ് ചൊല്ല്.പേടിച്ചുപോയി.
ഒന്പതാംനാള്
വെട്ടുക്കിളികള് കൂട്ടത്തോടെയാണ് വന്നത്.
വെട്ടുക്കിളികള് പക്ഷെ മര്യാദക്കാരല്ലപീച്ചിലും പാവലും പടവലവും നല്ല മഞ്ഞയും വെളളയും കലര്ന്ന് പൂവിട്ടങ്ങനെ നില്ക്കുന്നിടത്തേക്കാണ് ഇടിച്ചുകയറുക.
'കൊളളക്കാര്' എന്നാണ് അച്ഛന് അവരെ  വിളിക്കാറ്.
പത്താംനാള്അത്താഴനേരത്ത്
നത്ത് വന്ന് കാഞ്ഞിരത്തിന്മേലിരുന്ന് മോങ്ങി.
'നത്തേ പുളേള ചേട്ടത്തി നിന്നിലഴകുളള പെണ്ണില്ല' എന്ന് സുഖിപ്പിച്ചു പറഞ്ഞയച്ചു, അമ്മ.
ചിങ്ങം പതിനൊന്ന് ഞായറാഴ്ച്ചയായിരുന്നു.
അന്ന് വന്നത് ചെങ്ങാലി.
കുറുബാനയും കഴിഞ്ഞിട്ടാണ് വരവ്.
പുളളിയുടുപ്പിനും മീതെ തലയില് ഒരു സ്ക്വാര്ഫ്  കഴുത്തോളം.
കൂടെ ഒരു വെളള മണിക്കുട്ടിയും.(കിഴക്കെങ്ങുനിന്നോ വിരുന്നു നില്ക്കാന് വന്നതാണുപോലും സുന്ദരി.) 
തിങ്കളാഴ്ച്ച തിത്തിരിപക്ഷികള് വന്നു
'ഇനിയിപ്പോ  ഒരു മണി ഗോതമ്പിനെവിടെപോകും' വേവലാതിപ്പെട്ടു അമ്മ.
ചൊവ്വാഴ്ച്ച വന്നത് കരിങ്കുയില്
കരിങ്കുയില് വന്നാല് ഇലഞ്ഞിമരത്തിലാണിരിക്കുക.
വന്നാലൊരു പാട്ടുപാടാതെ പോകുന്ന പതിവില്ല
സന്ധ്യായായിട്ടും ആണാളെ കാണാഞ്ഞ്  പുളളിക്കുയിലാള് വന്നകൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.
ബുധനാഴ്ച്ച കുളക്കോഴിയാണ് വന്നത്
തൊടിയുടെ ഓരം ചേര്ന്ന് കുറേനേരം കുണുങ്ങിക്കുലുങ്ങി നടന്നു.
പിന്നെ അന്നാരക്കാട്ടിലേയ്ക്കു പോയി.
എട്ടു നാഴിക രാച്ചെന്നപ്പോള്‍......... ഒരു പുളളു പാഞ്ഞു.
'കൊളളിക്കൊറുവാ പൊയ്ക്കോ. ഉപ്പുവാരി അടുപ്പിലിട്ടു കണ്ണുപൊട്ടിച്ചുകളയും' എന്ന് പേടിപ്പിച്ചു, അച്ഛമ്മ.
വ്യാഴത്തിന്നാള്
വണ്ണാത്തിപ്പുളളും കുട്ട്യോളും വന്നു .
ഉണ്ണാനൊന്നും നില്ക്കാതെ വേഗം പോയി പ്രാരാബ്ധക്കാരി.
ിറ്റേന്ന് ചിങ്ങം പതിനാറ് അത്തം.
അത്തത്തിന്നാള് ഓലേഞ്ഞാലി വന്നു.
തൈത്തെങ്ങിന് തുഞ്ചത്ത് വന്നിരുന്ന് ചൂളമിട്ട് ഊയലാടി.
ചിത്തിര നാള് വന്നത് കുറുങ്ങണത്തി             
കുഞ്ഞിച്ചുവടുവച്ച്, മുറ്റമടിക്കാന് പെങ്ങളെ ഒരുപാടുസഹായിച്ചു.
ചോതിനാള് വന്നുകയറിയത് വശകന്‍.
 
'എല്ലാപക്ഷിക്കും ചിലയ്ക്കാം, വശകന് പക്ഷിക്കുമാത്രം ചിലച്ചൂട'
എന്നൊക്കെ പരിഭവിച്ചു.
വിശാഖത്തിന് നാള്
പതിവുപോലെ കൃഷ്ണപരുന്തമ്മാവന് വന്നു.
വന്നപാടെ കാവില് ചെന്ന് തൊഴുത്, ചിത്രകൂടത്തിന് മൂന്നു വലംവച്ച് പാലമരത്തിന്റെ കാണാക്കൊമ്പില്‍ കയറിയിരുന്നു.
അനിഴത്തിന് നാള് ആറ്റക്കിളികള്

 
ഉത്തരത്തിന്മേല് വന്ന് നിരന്നങ്ങിരുന്നു,മടിയന്മാര്‍.
തൃക്കേട്ടനാള് രാവേറെ ചെന്നപ്പോള്
വവ്വാലുകള് നേന്ത്രവാഴക്കുടപ്പിനില് വന്നിരുന്ന് തേനുണ്ടു.
വെളുക്കുംമുമ്പേ യാത്രപോലും പറയാതെ പൊയ്ക്കളഞ്ഞു.
മൂലനാള് ഭൂമികുലുക്കിപക്ഷി വന്നു.
ഇത്തിപോന്നവള്ക്കെന്തു വീറ്.
നാളേത്രെ ഉത്രാടം പിളളാര്ക്ക് പുത്തനെടുത്തില്ല, ഒന്നും ഉണക്കാനിട്ടില്ല, അരി ഇടിച്ചില്ല.
കിണറ്റിന് കരയിലും പ്ലാവിന് ചോട്ടിലും നിന്ന് പെയ്ത് പെറുക്കി തിരിച്ചുപോയി..
പൂരാടപ്പുലരിയില് മഞ്ഞക്കിളികള് വന്നു.
ഉച്ചതിരിഞ്ഞ് നീലെപ്പൊന്മകള് വന്നു......
ഉത്രാടനാള് സൂചിമുഖിപക്ഷികള് കോടിയും കൊണ്ടുവന്നു.
പഞ്ചവര്ണ്ണക്കിളിവന്നു.
മൂളിയലങ്കാരിവന്നു
കരിയിലാംപീച്ചിവന്നു.
പച്ചിലക്കുടുക്കവന്നു.
തത്തമ്മപെണ്ണും ചെക്കനും വന്നു.
തിരുവോണനാള് വന്നത്......
ഒരു സങ്കടക്കാക്ക.
രാവിലേതന്നെവന്നുവന്നുകയറിയത് ആരും കണ്ടില്ല
'മാമാ, മാമാ എണീച്ചേ, എണീച്ചേ ദാ ഒരു കുശുമ്പിക്കാക്ക മാമനെ തന്നെ നോക്കിയിരിക്കുന്നുഉമ്മുക്കുത്സു കട്ടിലില് വലിഞ്ഞുകയറി കാതില് ചുണ്ടുചേര്ത്തു കുറുമ്പെടുത്തപ്പോഴാണ് കണ്ടത്വെറുതെ നോക്കിയിരിക്കുന്നു, കാക്ക.
ഒന്നു കണ്ണിളക്കുകപോലും ചെയ്യാതെ.
ഒന്നും മിണ്ടാന് തോന്നിയില്ല.
ഉമ്മുക്കുലുസുവിനേയും എടുത്ത് വേഗം മുറിവിട്ടു പോന്നു.
കുത്സു അവളുടെ പാട്ടിനുപോയി
ഒരുകപ്പ് കാപ്പിയുമായി ഉമ്മറപ്പടിയില് ചെന്നിരുന്നു. കുറേനേരം പിന്നെ മുറ്റത്തേക്കിറങ്ങി കുട്ടികള് ഒരുക്കിയ കുരുത്തോലപന്തലും പൂക്കളവും കണ്ട് തിരിഞ്ഞു നില്ക്കുമ്പോളുണ്ട് കാക്ക എന്നെത്തന്നെ നോക്കിയിരിക്കുന്നു.
ഒന്നും മിണ്ടാന് തോന്നിയില്ല; അവിടെ നില്ക്കാനും. പല്ലുതേപ്പും കുളിയും കാപ്പികുടിയും കഴിഞ്ഞ് ഒന്നു പുറത്തുപോയി വരാമെന്നുകരുതി ഇറങ്ങുമ്പോഴും കാക്ക അവിടെ തന്നെയുണ്ട്ഇപ്പോള് തലഅല്പ്പം ചെരിച്ച്  മുഖത്തേക്കുനോക്കാതെ പരിഭവിച്ചങ്ങനെ.......    വിഷമം തോന്നി.
തെല്ല് അടുത്തേക്ക് ചെന്ന് ആതിഥേയന്റെ  മട്ടില് ചോദിച്ചു, 'ഉപ്പേരിയുണ്ട്...'
തിരിഞ്ഞ് നോക്കുന്നില്ല.
'പഴം നുറുകക്....?'
ങുംഹും...
'ശര്ക്കരവരട്ടി തരട്ടെ...?'
ശരിക്കും പരിഭവം തന്നെ. ഒന്നു നേരേ നോക്കുന്നുപോലുമില്ല.
വല്യഭാവം കയ്യിലിരിക്കട്ടെ എന്നു കരുതി ഞാന് ഇറങ്ങി നട്ന്നു. പടിക്കലോളം ചെന്ന് തിരിഞ്ഞു നോക്കുമ്പോളുണ്ട് , എന്നെത്തന്നെ നോക്കിയിരിക്കുന്നു
 
സങ്കടപ്പക്ഷി. ഉച്ചയ്ക്ക് ഊണെല്ലാം കാലമായശേഷം അമ്മ പടിഞ്ഞാറെമുറിയില് കൊരണ്ടിപ്പലകയും വിളക്കും ദക്ഷിണയും വച്ച് തൂശനിലയില്  പിതൃക്കള്ക്ക് വച്ചു. വീതിവച്ച് തിരിഞ്ഞുനോക്കുമ്പോള് കാക്കയിരിക്കുന്നു.  

അതിനെ കൈയെടുത്തോടിച്ച് ജനലും വാതിലുമടച്ച് പുറത്തുവന്നുപിന്നെ അമ്മ ഒരു തൂശനിലയില് എല്ലാം മുറ്റത്തുവിളമ്പി. അമ്മ അങ്ങനെയാണ് അകത്തുളള പിതൃക്കള്ക്ക് ദാഹം വച്ചാലും അനാദികാലം മുതല്ക്കുളള ലോകത്തിലെ എല്ലാ പിതൃക്കള്ക്കും  തിരുവോണ നാളില് അന്നം വയ്ക്കുംഎല്ലാം വിളമ്പി തിരിച്ചുകയറുമ്പോഴും കാക്ക ഇറയത്തുതന്നെ നോക്കിയിരിക്കുകയായിരുന്നു.
'എടുത്തോളു.....' അമ്മ പറഞ്ഞു
 സങ്കടകാക്ക അനങ്ങിയില്ല. അമ്മ കൈവീശി  കാക്കയെ മുറ്റത്തേക്കിറക്കി. അത് രണ്ടുചുവട് മുറ്റത്തിറങ്ങി ഒതുങ്ങി ഒരിടത്തിരുന്നു.
 'അടുത്ത ഓണത്തിന് ഒരുപക്ഷേ ഞാനുണ്ടാവില്ല, നിങ്ങള്ക്ക് വിളമ്പാന്‍.....' അമ്മ സങ്കടപ്പെട്ടു
'ഇക്കൊല്ലം ഇങ്ങനെ പോയി വരുന്നാണ്ടിലോണത്തിന് മുറ്റത്ത് വിരുന്നുണ്ണാനിരിക്കേണ്ടവളാ ഞാനും. വന്നെടത്തോളു......'
കേട്ടുന നിന്നവര്ക്ക് വിഷമം തോന്നിയതല്ലാതെ കാക്കയ്ക്ക് ഒരു  ഭാവഭേദവുമില്ല.
' തിരുവോണായിട്ട്  അവയ്ക്കൊന്നും വെശപ്പൊണ്ടാവൂല്ല മനുഷയര്ക്ക് വെശക്കണൊണ്ട് അമ്മ ഊണുവെളമ്പ്.....'
അകത്ത് പെങ്ങള് എല്ലാം കൊണ്ടുവന്നു നിരത്തിക്കഴിഞ്ഞു. പായവിരിച്ച് കാലും മുഖവും കഴുകി  കുട്ടികളും ആണുങ്ങളും ഉണ്ണാനിരുന്നു
ഞാന് മുറ്റത്തേക്കിറങ്ങി ഇപ്പോള് കാക്ക ഇറയത്തിരിക്കുകയാണ്. പരമാവധി അടുത്ത് കൈയെത്തിത്തൊടാവുന്ന ദൂരത്തു ചെന്നുനിന്ന് ഞാന് സങ്കടക്കാക്കയോട് ചോദിച്ചു,'കഴിക്കണ്ടേ.....?വിശക്കുന്നില്ലേ...?'
സങ്കടക്കാക്ക ഒന്നും മിണ്ടിയില്ല.എന്റെ മുഖത്തേയ്ക്ക് നിര്ന്നിമേഷമായി നോക്കിനിന്നതല്ലാതെ.
'നീ ഇങ്ങനെ ഉണ്ണാതിരിക്കുമ്പോള്‍...... ഞാന് മാത്രമെങ്ങനെയാണ്.....'
അപ്പോളും സങ്കടക്കാക്ക ഒന്നും മിണ്ടിയില്ല.എന്റെ മുഖത്തുനിന്നും കണ്ണെടുത്ത് നിലത്തുനോക്കി അനങ്ങാതെ അങ്ങനെ നില്ക്കൂകമാത്രം ചെയ്തു.എന്റെ തൊണ്ടയില് ബലിച്ചോറ് കുറുകുന്നതുപോലെ ഒരു സങ്കടംമുട്ടിവന്നു. കുനിഞ്ഞ്, നിലത്തെ  ചെമ്പുപാത്രത്തില്നിന്ന്തണുത്തവെള്ളം കൈകളില് കോരി മുഖത്തും കണ്ണുകളിലും പൊത്തി.കാല് കഴുകി വാതിലിനോടുചേര്ന്ന് ഒഴിച്ചിട്ടിരുന്ന ഇലയ്ക്കല് ചെന്നിരുന്നു.

 കണ്ണുകളില് നിന്നുതിരുന്ന കണ്ണുനീര് ആരും കാണാതിരിയ്ക്കാന് വാതില്‍ നിഴല് എന്നെ മുഖംപൊത്തി.ഉപ്പിലിട്ടതും പരിപ്പും പപ്പടവും ഒന്നും വേറിട്ടുകാണാന് കഴിയുനനില്ല.

 കണ്ണീര് എല്ലാം മായ്ച്ചുകളഞ്ഞിരിയ്ക്കുന്നു.എല്ലാംകൂടിയാണ് കുഴച്ചത്.വായതുറക്കാന് കഴിയുന്നില്ലഉരുട്ടിയ ചോറ് വായിലേയ്ക്കുവയ്ക്കാന് തല മെല്ലെ കുനിച്ചതും ...... ഒരൊറ്റ റാഞ്ചല് ............ ഒരു ഉരുള അങ്ങനെതന്നെ കൊക്കിലിരിയ്ക്കുന്നു........
.സങ്കടക്കാക്ക.