Wednesday 11 January 2012

ചിത്രപ്പൂവുകള്‍

          ചിത്രപ്പൂവുകള്‍













മനോഹരമായ ഈ കിടപ്പറയില്‍
എല്ലാം ഭംഗിയായിരിക്കുന്നു
മധുബാനി ചിത്രകംബളം വിരിച്ച
വിശാലമായ മെത്ത
ചാരെ
പഴമയുടെ പ്രൌഡി ചോരാതെ                   
പോളിഷ് ചെയ്തു മനോഹരമാക്കിയ മേശ
നീലവിരി  ഞൊറിഞ്ഞിട്ട  ജാലകങ്ങള്‍
നീലവെളിച്ചം പൊഴിയുന്ന
വൈദ്യുത വിളക്ക്  ..കയ്യെത്തി തൊടാവുന്ന സ്വിച്ച്...

.
മനോഹരമായ കിടക്കറയില്‍
എല്ലാം ഭദ്രമായിരിക്കുന്നു..
മേശമേല്‍
പഴയ ലക്കം മാസികകള്‍,
 ആടുജീവിതം
അഗ്നിച്ചിറകുകള്‍
വിളക്ക്..
മുറിക്കകത്ത്
എയര്‍ ഫ്രെഷ്ണര്‍ നേരുന്ന സുഖദമായ മൃദു ഗന്ധം

എല്ലാം ഭംഗിയായിരിക്കുന്നു.
ദിവസവും
പഴയ ജലം വാര്‍ന്നു  കളഞ്ഞ് പുതിയ ജലം
പകര്‍ന്നു വയ്ക്കുന്നു
കൂറമണം വരുന്നതിനു മുമ്പ്  മാസികകള്‍ മാറ്റി പുതിയവ വയ്കപ്പെടുന്നു
ജനാല വിരികള്‍ എല്ലായ്പോഴും
ഇളം നീലയായിരിക്കാന്‍ ശ്രദ്ധിക്കുന്നു

എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ട്

കണ്ണുകളില്‍ ഉറക്കം  കടിക്കുമ്പോള്‍   മാത്രം 
കിടക്കറയില്‍ കടക്കാന്‍ ശ്രമിക്കുന്നു
കൂര്‍ക്കം വലി ഒഴിവാക്കാന്‍ എപ്പോഴും
ചെരിഞ്ഞു കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുന്നു
വല്ലപ്പോഴുമൊരിക്കല്‍
ഉറക്കത്തിന്റെ സുഖാനുഭവത്തില്‍
മലര്‍ന്നു കിടന്നു കൂര്‍ക്കം വലിച്ചാല്‍
ഒരു മൃദു സ്പര്‍ശതിലൂടെയോ
നേരിയ ശബ്ദതിലുടെയോ
പരസ്പരം അറിയിക്കാനും തിരുത്താനും
സവിശേഷമായ ഒരു ആശയ വിനിമയ പദ്ധതി
അവര്‍ രൂപപ്പെടുത്തിയെടുതിട്ടുണ്ട്

കിടപ്പറയിലേക്ക്
ഒരുമിച്ചു തന്നെ പ്രവേശിക്കുന്നതാണ്
അവര്‍ക്ക് ശീലം
ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌
പനിയോ, ജലദോഷമോ
വയറ്റിലസുഖമോ   പിടിപെട്ടാല്‍
മുറിയിലേക്ക് പ്രവേശിക്കാതെ
നടുത്തളത്തിലെ  സെറ്റിയില്‍ രാവു കഴിക്കാന്‍
അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു

നീലവിരിയിട്ട ജാലകങ്ങള്‍
ഞായറാഴ്ച പകലുകളില്‍ മാത്രം തുറന്നിടുന്നു
അവ ഒരിക്കലും
ഇരുട്ടിലേക്കും നിലാവിലേക്കും തുറക്കാറില്ല 
മിന്നാ മിനുങ്ങുകളുടെ ഈറന്‍ വെട്ടം
കട്ടിയുള്ള കണ്ണാടി ജനലുകളുടെ നീലവിരി കടന്ന്
ഒരിക്കലും
ഈ മുറിയിലെത്താറില്ല
ഇലചാര്‍തുകളില്‍
മഴയുടെ ജല തരംഗം പൊഴിയുന്നതും....

 കിടക്കറയില്‍
എല്ലാം ഭംഗിയായും ഭദ്രമായുമിരിക്കുന്നു...
മനോഹരമായ കിടക്കവിരിയിലെ ചിത്രപ്പൂവുകള്‍
വാടുന്നില്ല....
കൊഴിയുന്നുമില്ല.......