Thursday, 17 November 2011

എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...


എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...


കൂട്ടുകാരാ
 എന്റെ കയ്യില്‍ ഒരു വാക്കുണ്ട്
ഇത്രയും നാള്‍ കരളില്‍ ചേര്‍ത്ത് വച്ച
കാതരമായ ഒരു വാക്ക്
എത്രയും മൃദുവായ 
ഒന്ന്

പ്രിയപ്പെട്ട പെണ്‍കുട്ടീ
നിന്നോടെന്തെങ്കിലും പറയുവാന്‍
ഞാന്‍ ഏറ്റം ഭയക്കുന്നു
കാരണം
വാക്കുകൊണ്ടോ വഴക്കം കൊണ്ടോ
നിന്റെ സ്നേഹം എനിക്ക് നഷ്ടമാകുന്നത്
എത്ര ദു:ഖകരമാണ്
അതിലുമെത്രയോ നന്നാണ്
നമുക്ക് സ്നേഹിക്കാതെ
പ്രേമിക്കാതെ
ഒന്നും മിണ്ടാതെ
വെറുതെ, പരസ്പരം ഇഷ്ടപ്പെടുക എന്നത്

പ്രിയപ്പെട്ടവനേ
ഞാന്‍ അതൊരു കുങ്കുമ ചിമിഴിലാണ്
സൂക്ഷിച്ചു വച്ചിരിക്കുന്നത്  
പഴയ കളിപ്പാട്ടങ്ങളും
പൊട്ടിയ സ്ലേറ്റു പെന്‍സിലും മുത്തുകളും
ഉടഞ്ഞ കുപ്പിവളകളും മയില്പീലി കണ്ണും സൂക്ഷിക്കുന്ന
ഒരു കാല്‍പ്പെട്ടിയുന്ടെനിക്ക്
(അമ്മൂമ്മ എനിക്ക് സമ്മാനിച്ചതാണ്‌ ആ പെട്ടി )
അതിലാണ്
ഞാന്‍ അത് സൂക്ഷിച്ചിരിക്കുന്നത്

ഓ എന്റെ പ്രകൃതീ
നീ വളരെ
കളര്‍ സെന്സുള്ള
ഒരു പെണ്‍കുട്ടിയാണ്
ഈ ഇളം നിറങ്ങള്‍ നിനക്ക്
എത്ര നന്നായി ഇണങ്ങുന്നു
ഏറ്റവും അടുത്തിരിക്കുവാന്‍ ഇഷ്ടപ്പെടുമാറ്
അത്രയും സൌമ്യമായ നിറങ്ങള്‍ ...
മറ്റുള്ള നിന്റെ തരക്കാരെ നോക്കൂ
എന്തിനാണ് അവര്‍
ഇത്ര കടും നിറങ്ങള്‍ ഉപയോഗിക്കുന്നത്
സന്ധ്യകളില്‍ മുടിക്കെട്ടില്‍
വാടാത്ത പുതിയ മുല്ലപ്പൂക്കള്‍ ചൂടുന്നത്.....

നോക്കൂ...നോക്കൂ ശരത്...
(ഈ ഡിസംബറില്‍ ഞാന്‍ അങ്ങനെ വിളിച്ചെന്നെ ഉള്ളൂ...)
പിന്നെയുമുണ്ട് എന്നെ സംബന്ധിച്ച് നിനക്ക് വിളിപ്പേരുകള്‍
ശിശിര്‍....വസന്ത്....ഹേമന്ത്...എന്നിങ്ങനെ..
പിന്നെ
ചില കാലങ്ങളില്‍ ഞാന്‍ തന്നെ അങ്ങ് മാറും
വര്‍ഷ എന്നോ ഗ്രീഷ്മ എന്നോ....
അത്  എന്റെ സ്വകാര്യ കൌതുകം..
രത്, നീ എന്തിനാണ്
നിറങ്ങളെ കുറിച്ചും സന്ധ്യകളെ കുറിച്ചും
വാടാത്ത പുതിയ മുല്ലപ്പൂക്കളെ കുറിച്ചും സംസാരിക്കുന്നത്
അതെല്ലാം തൊഴിലുമായി ബന്ധപ്പെട്ട
അടയാളങ്ങള്‍ അല്ലെ...?
നോക്കൂ...ഞാനിപ്പോള്‍ നിന്നില്‍ സ്വസ്ഥയാകാന്‍
ആഗ്രഹിക്കുന്നു...
നിന്റെ കാതില്‍ കാതരമായ് മൊഴിയാന്‍
എനിക്കൊരു വാക്കുണ്ട്...

 
യ്‌  വര്‍ഷ
നീ എന്തേ ഇങ്ങനെ...
ഒരു കല്ലു കമ്മല്‍ പോലും അണിയാതെ
ഈ ഇളം വയലറ്റ് നിറം വാസ്തവത്തില്‍ സുഖകരമാണ്
സുഖദമായ ഒരു ശാന്തി എന്നെ ചൂഴുന്നു...
ഈ ചന്ദന ഗന്ധം സത്യത്തില്‍
നിര്‍മ്മലമായ മറ്റൊരിടത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്
എന്തേ  നീ യൂ ദീ കൊളോനും
ക്ലിയോപാട്രയും........

ഹേമന്ത്,
നീ ഒരുപാട് അറിവുള്ളവനല്ലേ?
കാക്കകളുടെ നടുവില്‍
കൊറ്റിയെ പോല്‍ ഇങ്ങനെ നടക്കുന്നത് മൂലം
എന്റെ ബിസിനസ്‌ ലാഭത്തില്‍ ഓടുന്നുണ്ട്..
എല്ലാ പുരുഷന്മാരും ഒരു പോലല്ലല്ലോ പ്രിയപ്പെട്ടവനെ
ചിലര്‍ , തിയെറ്ററുകളുടെ അരണ്ട വെളിച്ചവും
കോഫി ബാറും ഇഷ്ടപ്പെടുന്നു...
ചിലര്‍ കടല്‍ക്കാറ്റും  മരത്തണലും  ഇഷ്ടപ്പെടുമ്പോള്‍
ഇനിയും ചിലര്‍ തിരക്കുകളില്‍ നഷ്ടപ്പെട്ടു
വിയര്‍ത്ത്  ഒലിക്കാന്‍  ഇഷ്ടപ്പെടുന്നവരാണ്...
എന്നാലോ
അപൂര്‍വ്വം ചിലര്‍ മാത്രം
ക്ഷേത്ര പരിസരങ്ങള്‍ ഇഷ്ടപ്പെടുന്നു..
അങ്ങനെയുള്ളവരാണ്  എന്റെ കസ്റ്റമേര്സ്
എന്ന് കൂട്ടിക്കോളൂ..
പക്ഷെ ശിശിര്‍ ,
ഞാന്‍ എന്റെ അരിയും അലക്ക് സോപ്പും തേടി
ചന്ദന തൈലവും ഇളം നിറങ്ങളും അണിഞ്ഞ്‌..
ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുമ്പോളും
ഞാന്‍ ഒറ്റയ്കല്ലല്ലോ
എന്റെ കയ്യില്‍ ഒരു വാക്കുണ്ട്... 
നിനക്കായി
നിനക്ക് മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന
കൈതപ്പൂ മണമുള്ള ഒരു വാക്ക്.

എന്റെ പെണ്‍കുട്ടീ...
നീ ഒരിക്കലും ആകാശ നീലിമ ഇഷ്ടപ്പെടുന്നില്ല
എല്ലാ പെണ്‍കുട്ടികളും ആദ്യം
ഇഷ്ടപ്പെടുന്ന നിറം അതാണ്‌.
പിന്നെ വാടാമല്ലി,
പയര്‍ മണിപ്പച്ച
ഓറഞ്ച് ....
ഉത്സവങ്ങള്‍ക്കായി തീ നാമ്പിന്റെ
തിളങ്ങുന്ന ചുകപ്പും.
നീ മാത്രം
പാടല വര്‍ണത്തില്‍ ...

വസന്ത്,
നീ നിറങ്ങളെ കുറിച്ചും
ഗന്ധങ്ങളെ കുറിച്ചും
സന്ധ്യകളെയും
പൂക്കളെയും
പെണ്ണുങ്ങളുടെ മനസിനെയും കുറിച്ച് സംസാരിക്കുന്നു
നീ എന്താണ്
ഒരിക്കല്‍പോലും
എന്റെ ചുണ്ടുകളില്‍
ഒന്ന് ചുംബിക്കാത്തത്
നിനക്ക് വേണ്ടി ഞാന്‍ കരുതി വച്ച ആ വാക്ക്
എന്റെ വായില്‍ കിടന്നു കയ്ക്കുന്നു...

സന്ത്,
എന്തിനാണ് നീ
എന്റെ മാറില്‍ ഇങ്ങനെ കരയുന്നത്...
എന്തിനു വേണ്ടിയാണ്
എന്റെ മടിയില്‍
നീ കയര്‍ക്കുന്നത്
നീ അന്വേഷിക്കുന്നത്
ഇതാ..
എന്റെ ചുണ്ടുകളിലാണുള്ളത്
വസന്ത്,
നീ എന്നെ ഒന്ന് ചുംബിക്കൂ..
ഒരിക്കലെങ്കിലും...

എന്റെ പ്രകൃതീ...
നീ പെട്ടെന്ന് തണുത്തല്ലോ
ചുട്ടു വിങ്ങിയ ഒരു പോളം
പെട്ടെന്ന്  പൊട്ടി ഒലിച്ചത് പോലെ
നീ കുടുങ്ങിപ്പോയിരിക്കുന്നു..
പക്ഷെ
നിന്റെ പിന്‍കഴുത്തിലെ വിയര്‍പ്പിന്
സുഖകരമായ ഒരു ഗന്ധം
എല്ലാ പെണ്ണുങ്ങളെയും പോലെ
ക്ലാവ് മണമല്ല...
കറുകം പുല്ലിന്റെ പച്ച മണം... 

സ്നേഹിതാ...
ശവം നാറുന്നതിന്‍ മുമ്പ്
ഈ ജഡം വിട്ടു
പുറത്തു പോകുക
പോകുന്നതിനു മുമ്പ്
ഈ കണ്ണിമകള്‍ ഒന്ന് ചേര്‍ത്തടച്ചേക്കുക
വരണ്ട ചുണ്ടുകളും
മുദ്രവയ്ക്കുക.. 

37 comments:

 1. പ്രണയകാലം അഥവാ കാലത്തില്‍ കുരുങ്ങിയ പ്രണയം....
  നന്നായിട്ടുണ്ട്.

  ReplyDelete
 2. ഞാന്‍ എന്റെ അരിയും അലക്ക് സോപ്പും തേടി
  ചന്ദന തൈലവും ഇളം നിറങ്ങളും അണിഞ്ഞ്‌..
  ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുംപോളും
  ഞാന്‍ ഒറ്റയ്കല്ലല്ലോ
  എന്റെ കയ്യില്‍ ഒരു വാക്കുണ്ട്...

  ReplyDelete
 3. ആദ്യവരികള്‍ ഒരു പാടിഷ്ടമായി കേട്ടോ .....എന്തെ കുറെ കഴിഞ്ഞപ്പോള്‍ ..ഒഴുക്ക് നിന്നത് .....കവിതകള്‍ എപ്പോഴും കുറഞ്ഞ വരികളില്‍ എഴുതാന്‍ ശ്രമിക്കുമല്ലോ ..അതിനു സൗന്ദര്യം കൂടും ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 4. കവിതയില്‍...നല്ല ആര്തവും ഭംഗിയും ഉണ്ട് ..നല്ല ഒരു എടുത്തു പറയേണ്ട വരികള്‍ ഇതിലുണ്ട്
  എഴുത്തുകാരന് മനസ്സ് തുറന്നു ആശംസ നല്‍ക്കുന്നു ...സംഭാഷണ കവിതയുടെ ബോര് ഒട്ടും തോന്നിയില്ല ...
  നിനക്ക് മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന
  കൈതപ്പൂ മണമുള്ള ഒരു വാക്ക്...
  ഇത്ര ലോലമായി ഒരു വാക്ക് ..ഒത്തിരി ഇഷ്ട്ടായി ട്ടോ

  ReplyDelete
 5. ഇഷ്ടായി ഒരുപാടിഷ്ടായി ....

  ReplyDelete
 6. ഞാന്‍ ആവര്‍ത്തിച്ചു വായിക്കുന്ന ഉത്തമഗീതം പോലെ...
  കാലത്തിന്റെ കലുഷിതമായ ഭാഷയില്‍ ഇവിടെ..
  മനോഹരം.........

  ReplyDelete
 7. സങ്കടക്കാക്കയ്ക്കും ഈ പോസ്ടിനുമിടയില്‍ മറ്റേതോ പോസ്റ്റ്‌ ഇട്ടിരുന്നില്ലേ..??? ഇപ്പൊ കാണാനില്ലാ ലൊ.. അത് വായിക്കാനും പറ്റീലാ... :(

  ReplyDelete
 8. അത് പിന്നീട് ഇടാമെന്ന് വിചാരിച്ചു സന്ദീപ്‌ .അത് ഇടുന്നുണ്ട് .നന്ദി.

  ReplyDelete
 9. valare nannayittundu...... aashamsakal........

  ReplyDelete
 10. ,പറ്റെപ്പാടം,മയില്‍‌പീലി ,പ്രദീപ്പൈമ ,കൊച്ചുമോള്‍ നല്ല അഭിപ്പ്രായത്തിനു നന്ദി .naaradar..

  ReplyDelete
 11. ഹേമന്ത് ..എന്റെ പയര്‍ മണി പച്ച ..അത് വീണ്ടെടുപ്പിന് അവസരമില്ലാതെ കളഞ്ഞു പോയി ...!
  ഓ ശരത് നിന്റെ ഇളം വെള്ള നിറം അതെന്റെ കൈവിട്ടുപോയ മനസായിരുന്നു ..
  വര്‍ഷ ..നീയറിയുക ഞാനിന്നു തീ നിറമുള്ള മണല്‍ ക്കാടിന്റെ ഊഷരതയില്‍
  സ്വയം നഷ്ടപ്പെട്ടു വിയര്‍ത്തു നില്‍ക്കുകയാണ് ,,
  വസന്ത്‌ ..എന്റെ കരിഞ്ഞ ഹൃദയത്തില്‍ ഞാന്‍ നിനക്കായി വാക്കുകളുടെ ഒരു പൂക്കാലം ഒരുക്കി വച്ചിട്ടുണ്ട് ..
  എടാ ..എനിക്ക് സങ്കടം വരുന്ന പലതും ഓര്‍മിപ്പിക്കുന്നു ഈ കവിത

  ReplyDelete
 12. പ്രിയപ്പെട്ടവനേ
  ഞാന്‍ അതൊരു കുങ്കുമ ചിമിഴിലാണ്
  സൂക്ഷിച്ചു വച്ചിരിക്കുന്നത്
  പഴയ കളിപ്പാട്ടങ്ങളും
  പൊട്ടിയ സ്ലേറ്റു പെന്‍സിലും മുത്തുകളും
  ഉടഞ്ഞ കുപ്പിവളകളും മയില്പീലി കണ്ണും സൂക്ഷിക്കുന്ന
  ഒരു കാല്‍പ്പെട്ടിയുന്ടെനിക്ക്........ kaaalangal palathum munnilooode minni maazhunnu ..... kavitha othiri kaaryangal parayunnu..

  ReplyDelete
 13. ഹൃദ്യം എന്നു പറയട്ടെ

  ReplyDelete
 14. ലളിതമായ വാക്കുകൾ .. സുന്ദരമായ വരികൾ..

  ReplyDelete
 15. എനിയ്ക്ക് താങ്കളെഴുതുന്നത് മുഴുവനും മനസ്സിലാകാറില്ല; എന്നാൽ വരികൾക്കിടയിലൂടെ നിങ്ങൾ എന്നോട് സംസാരിയ്ക്കും. ഒരു ആവരേജ് പ്രവാസിയിൽ ഗൃഹാതുരതയുണർത്താൻ താങ്കളുടെ ഒന്നോ രണ്ടോ വരികൾ മതിയാകും!

  തുടർന്നെഴുതൂ.... നീണ്ട ഇടവെളകളില്ലാതെ...

  ReplyDelete
 16. ജയരാജ്‌ നന്ദി .രമേശ്‌, അരിയുംഅലക്കുസോപ്പും കാത്തിരിപ്പും പയര്‍മനിപ്പച്ചയും വാടാമല്ലിയുംഎല്ലാം പഴയതാണ് .പുതിയകാലത്തിനു ഇവയെല്ലാം അന്ന്യം .ഞാന്‍ പഴയ ഓര്‍മ്മകള്‍ കഴുകിക്കളയുകയാണ് ......ഉമ്മുഅമ്മാര്,ഇഗ്ഗോയ്, ജെഫു ,ബിജുദാവിസ് വന്നതിനും നല്ലതുപരഞ്ഞതിനും നന്ദി ,

  ReplyDelete
 17. മാനത്തുകണ്ണീ,
  ഒരു ഗദ്യകവിതയുടെ എല്ലാ ഭംഗിയും ആവാഹിച്ചിട്ടുണ്ട്‌.
  ചില ഭാഗങ്ങള്‍ മനസ്സിലായില്ലെന്നത്‌ എണ്റ്റെ അപാകത.
  മനസ്സിലാകുന്ന ഭാഗത്തിണ്റ്റെ ഭാഷയുടെ ആഴം അഭിനന്ദനമര്‍ഹിക്കുന്നു.

  ആശംസകള്‍

  ReplyDelete
 18. "നിനക്ക് മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന
  കൈതപ്പൂ മണമുള്ള ഒരു വാക്ക്"

  വരികള്‍ കൊള്ളാം

  ReplyDelete
 19. സംഭാഷണകവിത നന്നായിട്ടുണ്ട്..ഭാവുകങ്ങള്‍ ..

  ReplyDelete
 20. ഒരു വാക്കുണ്ടെന്നറിഞ്ഞപ്പോള്‍ അതിത്ര നീണ്ടുപോകുമെന്നറിഞ്ഞില്ല.
  ലളിതമായ വരികള്‍ ഇഷ്ടപ്പെട്ടു.പരത്തിപ്പറഞ്ഞപ്പോള്‍ മടുത്തു.

  ReplyDelete
 21. ഒറ്റയാന്‍ ചിലത് എനിക്കുപോലും മനസ്സിലായിട്ടില്ല ..എന്‍റെഒരു ദുര്യോഗം .-ശിഖണ്ടി ഇതിപ്പോ എന്നപപോലാണല്ലോ...മാനതുകന്നി ./നന്ദി ആശിം. ആറങ്ങോട്ടുകര ,ഞാന്‍ അങ്ങനെ ആയിപ്പോയി ..കാളമൂത്രം പോലെ .നന്ദി വന്നു കണ്ടതിനു .

  ReplyDelete
 22. പ്രിയപ്പെട്ട സുഹൃത്തേ,
  ഒരു വാക്ക് മതി....!
  പക്ഷെ,അത് സ്നേഹത്തിന്റെതാകട്ടെ;കരുണയുടെയും...!ഹൃദയത്തില്‍ നിന്നാകട്ടെ!ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലട്ടെ !ഒരൊറ്റ വാക്ക് കൊണ്ടു,മറ്റുള്ളവരുടെ കണ്ണുകളില്‍ തിളക്കം നല്‍കാന്‍ കഴിയട്ടെ!
  നന്നായി എഴുതി ! ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 23. ഒഴുകുന്ന ഈ കാവ്യ നദിയില്‍ ഇറങ്ങി ആവോളം ആസ്വദിച്ചു കുടിച്ചു. നന്ദി കൂട്ടുകാരാ.

  ReplyDelete
 24. അനുപമ വായിച്ചു അഭിപ്പ്രായം പറഞ്ഞതിന് നന്ദി .ഇനിയും വരണം .
  കളരിക്കന്‍,വീണ്ടും കണ്ടത്തില്‍ സന്തോഷം

  ReplyDelete
 25. പ്രണയം...
  കാലാതിവര്‍ത്തി...
  ഋതുഭേദങ്ങളില്‍ക്കൂടി കടന്നുപോകുന്നു...
  മാറ്റമില്ലാത്തത്.. പ്രണയത്തിനു മാത്രം...

  ReplyDelete
 26. എന്റെ കയ്യില്‍ ഒരു വാക്കുമില്ല..!

  നന്നായെഴുതി..!
  ആശംസകളോടെ..പുലരി

  ReplyDelete
 27. സ്നേഹിതാ...
  ശവം നാറുന്നതിന്‍ മുമ്പ്
  ഈ ജഡം വിട്ടു
  പുറത്തു പോകുക
  പോകുന്നതിനു മുമ്പ്
  ഈ കണ്ണിമകള്‍ ഒന്ന് ചേര്‍ത്തടച്ചേക്കുക
  വരണ്ട ചുണ്ടുകളും
  മുദ്രവയ്ക്കുക..
  നല്ല വരികള്‍

  ReplyDelete
 28. nalla hridhayathilennum... vasanthathin pookkal viriyum...
  nalla kavith..yaanu.. snehitha..

  ReplyDelete
 29. നല്ല വരികള്‍ ..കുറച്ചേ മനസിലായുള്ളുവെങ്കിലും ..
  ഇഷ്ടായി ..ആശംസകള്‍ ..

  ReplyDelete
 30. സോണി ,
  പ്രഭന്കൃഷ്ണന്‍
  കുസുമം
  ,സാജുട്ടിന്‍
  ,സതീശന്‍
  ,കുമാരന്‍
  നന്ദി എല്ലാവര്‍ക്കും.

  ReplyDelete
 31. നന്നായെഴുതി, ആശംസകളോടെ.

  ReplyDelete
 32. മനോഹരമായ വരികള്‍. വളരെ ഇഷ്ടപ്പെട്ടു. ഇവിടെ ആദ്യമാണ്. ഇനിയും വരാം.

  ReplyDelete
 33. തണുപ്പ് ,പക്ഷെ പ്രണയം ചാക്കുനൂലിനാല്‍ കെട്ടിയ ഒരു പൊതി പോലെ പഴയതും അവജ്ഞ തോന്നിക്കുന്നതുമായിരിക്കുന്നു ,ഏറെപ്പേര്‍ ചവിട്ടി പൊടി പിടിച്ച ഒരു പരവതാനി ,മാനത്തു കണ്ണിക്ക്‌ നീന്താന്‍ഒരു കൈക്കുടന്ന ജലം മതിയെന്നോ ?

  ReplyDelete
 34. ബെന്ചാലി,
  ശുക്കൂര്‍ നന്ദി .
  സിയാഫ് ..പ്രണയം ഒരു നിവൃത്തികെടാണ് .
  ചിലര്‍ക്ക് .

  ReplyDelete
 35. ഓ എന്റെ പ്രകൃതീ
  നീ വളരെ
  കളര്‍ സെന്സുള്ള
  ഒരു പെണ്‍കുട്ടിയാണ്

  സന്ധ്യകളില്‍ മുടിക്കെട്ടില്‍
  വാടാത്ത പുതിയ മുല്ലപ്പൂക്കള്‍ ചൂടുന്നത്....

  ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്