Wednesday 21 September 2011

നന്ദി...

ക്ഷമ ചോദിക്കുന്നു...എല്ലാവരോടും-    നന്ദി പറയാന്‍ വൈകിയതില്‍.
സത്യം പറയട്ടെ..ഭയന്നുപോയി...!
ബൂലോകവാസികളുടെ പ്രതികരണം കണ്ടിട്ട് കൊടിയേറ്റം ഗോപിയുടെ മാനസികാവസ്ഥ യിലായിപ്പോയി ഞാന്‍ . എന്തൊരു സ്പീഡ് !!!
ബൂലോകത്ത് വരണമെന്ന് വിചാരിച്ചപ്പോള്‍ പൂഞ്ഞാനായി തന്നെ വരണമെന്നാണ് കരുതിയിരുന്നത്...അലങ്കാരങ്ങളില്ലാതെ,  പക്ഷെ മിത്രങ്ങള്‍ അനുവദിച്ചില്ല...അവരാണ് എന്നെ മാനത്തുകണ്ണിയായി അലങ്കരിച്ചയച്ചത്...
പ്രിയ ചങ്ങാതിമാര്‍ കെ എസ് പ്രദീപ്‌ കുമാര്‍, സോജി അഗസ്റിന്‍ ...ബൂലോകത്ത് നിസ്വനായി കയറി വന്ന എനിക്ക് "ഇരിപ്പിടം"തന്നതും മിത്രങ്ങളെ തന്നതും രമേശാണ്...കളിപ്പാന്‍ കളം തന്നതും,കുളിപ്പാന്‍ കുളം തന്നതും അവനാണ്...
പണ്ട് പള്ളിയറക്കാവ്  കുളത്തില്‍ മട്ടല്‍ വെട്ടി കുളിച്ച കൂട്ടുകാരനെ പെട്ടെന്നൊരുനാള്‍ ബൂലോകത്ത് കണ്ടതിന്റെ അതിശയമാണ് അവന് ....നന്ദി രമേശ്‌....
പുതുലോകത്തെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ കൂട്ടുകാര്‍ക്ക്  നല്‍കുവാന്‍ സ്വയം കുത്തിയെടുത്ത ഒരു പിടി പച്ചനെല്‍ അവിലാണ് ഞാന്‍ കൊണ്ട് വന്നത്...
അത് സ്നേഹപൂര്‍വ്വം സ്വീകരിച്ച നിങ്ങള്ക്ക് നന്ദി...

Monday 12 September 2011

ആനയെ തിന്നവന്റെ ആകാശനക്ഷത്രങ്ങള്‍


അച്ഛന്‍ പുരുഷോത്തമന്‍ പൂഞ്ഞാന്‍, ചെത്തുകാരന്‍ ....അമ്മ ശാന്ത പൂഞ്ഞാട്ടി...
അച്ഛന്‍ പത്തു പെറ്റു..... അമ്മ അഞ്ചും..

.
ഭാര്യ കരിങ്കണ്ണി പിണങ്ങി പോയതിനാല്‍ ഞാന്‍ പെറ്റില്ല,കരിങ്കണ്ണിയും...
ബാല്യത്തില്‍ ഞാന്‍ ഒരുപാട് പക്ഷി മൃഗാദികളെ ഭക്ഷിചിട്ടുണ്ട്...ആന, കുതിര, ഒട്ടകം,മുയല്‍, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളെ പച്ചയ്ക് തിന്നിട്ടുണ്ട്..മയില്‍,കുയില്‍,  മൈന, മരംകൊത്തി, ഉപ്പന്‍ എന്നിവയെ കറിയായും  ഭുജിചിട്ടുണ്ട്....പച്ചക്കുതിര, പൂമ്പാറ്റ, മിന്നാമിനുങ്ങ് ഇവയൊക്കെ ഉപദംശങ്ങളായിരുന്നു.
കുഞ്ഞോട്ടുകിണ്ണത്തില്‍ ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുഴച്ച നല്ലരിച്ചോറുരുളയ്ക് ചിമ്മിനി വെട്ടത്തിന്റെ നിഴലില്‍ കൊമ്പും തുമ്പി കയ്യും കല്പിച്ചാണ് അമ്മ എനിക്ക് ആനയെ തിന്നാന്‍ തന്നത്...പുകഞ്ഞു കത്തുന്ന പച്ച വിറകിന്റെ ചൂട് വെട്ടത്ത്   അടുപ്പിന്‍ ചോട്ടിലാണ് അമ്മ എനിക്ക് മയിലിനെ തിന്നാന്‍ തന്നത്...

ഒരു നാള്‍ കിഴക്കേ പുളിമരത്തില്‍ പുളി പറിക്കാന്‍ കയറിയിട്ട് കുറുപ്പശേരിയില്‍ ആശാട്ടിയുടെ നായയെ പേടിച്ച്  അണ്ടത്തു കുടുങ്ങിപോയ അമ്പിളിമാമനെ കാട്ടി  "പൂ ... പൂ....." എന്ന് കളിയാക്കി പറയിച്ച്    ചിത്ര ശലഭത്തെ തിന്നാന്‍ തന്നു...അങ്ങിനെ അങ്ങിനെ കാട്ടിലും നാട്ടിലും, കടലിലും മലയിലും ഉള്ള സകല മാനജന്തുക്കളെയും തിന്നാന്‍ തന്നു...


പിന്നെ ഞാന്‍ കരയാന്‍ തുടങ്ങി...

വിശപ്പടങ്ങാഞ്ഞല്ല ,

അറിയാത്ത സങ്കടങ്ങളുടെ അടങ്ങാത്ത കരച്ചില്‍...
അപ്പോള്‍ സങ്കടം തീര്‍ക്കാന്‍ അമ്മ പപ്പു അമ്മാവനെയും അമ്മാളു അമ്മായിയെയും വിളിച്ചു...അവര്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ ആയിരുന്നു...
കാവൂട്ടി കുഞ്ഞമ്മേം കൊച്ചു പാറു ചിറ്റേം, മറ്റത്തിലെ പേരമ്മയും  , കറുമ്പന്‍ വാപ്പനും, പട്ടാട്ടെ ബാബൂട്ടനും.....അവരും നക്ഷത്രങ്ങളായിരുന്നു...
അന്ന് ....
കണ്ണാന്തളികള്‍ പൂത്തിറങ്ങിയ മാനത് നിന്നും ഒരു തുള്ളി നിലാവെട്ടം എന്റെ നെറുകില്‍ വീണു...
ഞാന്‍ മാനത്തുകണ്ണിയായി...